Chalets Resort
top of page
Writer's pictureAdmin

About Chalets Resort and the beauty of masinagudi tiger reserve forest by Jinsha Basheer, “Vblogger”

Updated: Apr 11, 2020

*** ഒരു മസിനഗുഡി ഡയറികുറിപ്പ് ***

പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി. നാഗരികത അധികം കടന്നു ചെന്നിട്ടില്ലാത്ത വനത്തിനുള്ളിലെ മനോഹരമായ ഒരു ഗ്രാമമാണിത്. എവിടെതിരിഞ്ഞാലും കണ്ണുകള്‍ ചെന്നു നില്‍ക്കുന്നത് വനത്തിലാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്‌ മുതുമല നാഷണല്‍പാര്‍ക്ക്. മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്. ടിക്കറ്റെടുക്കാതെ നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ വണ്ടിയിലിരുന്നു തന്നെ സുരക്ഷിതമായി ഇവിടെ കാണാം. കേരളത്തോട് ചേര്‍ന്ന് ഇത്രയും ഭംഗിയുള്ള ഒരിടം തമിഴ്‌നാട്ടിലുള്ളപ്പോള്‍ പോകാതിരിക്കുന്നതെങ്ങനെയാണ്?


കൊച്ചിയിൽ നിന്നും ഏകദേശം 270 KM ആണ് മസിനഗുഡിക്ക്. തൃശൂര്‍, പട്ടാമ്പി, പെരിന്തൽമണ്ണ, നിലമ്പൂര്‍, ഗൂഡല്ലൂര്‍, മുതുമല നാഷണൽ പാർക്ക്, മസിനഗുഡി. ഇതാണ് റൂട്ട്. ഗൂഡല്ലൂരില്‍ ചെക്ക് പോസ്റ്റ് ഉണ്ട്. രാത്രി 7.30 ന് അടക്കും. രാത്രിയില്‍ മൃഗങ്ങളെ കാണണമെങ്കില് 7.30.ന് ഉള്ളില്‍ ചെക്ക്പോസ്റ്റ്‌ കടന്ന് മസിനഗുഡിക്ക് പോകുക.


കാടിന്റെ സൗന്ദര്യം നുകരാന്‍ താല്പര്യവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഇത്തിരി കമ്പവും ഒക്കെയുള്ളവര്‍ ഇപ്പോള്‍ പോകുന്നത് തമിഴ്‌നാട്ടിലെ മസിനഗുഡിക്കാണ്. കുറച്ചു കടകളും റിസോര്‍ട്ടുകളും പോലീസ് സ്‌റ്റേഷനും ഒരു ക്ഷേത്രവും ചേര്‍ന്ന ഒരു ചെറിയ ഗ്രാമം. മസിനഗുഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗമാണെന്ന് വെറുതെ പറയുന്നതല്ല. എപ്പോള്‍ പോയാലും അവിടെ മൃഗങ്ങളെ കാണാന്‍ സാധിക്കും.


മസിനഗുഡി വരെ പോയിട്ട് കണ്‍നിറയെ കാഴ്ചകളുമായിട്ടല്ലാതെ ആരും മടങ്ങിയിട്ടില്ല. മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും, കാട്ടുപോത്തുകളെയും, മയിലുകളും, വളരെയധികം മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും. മസിനഗുഡിയില്‍ പ്രധാനമായും കടുവ,പുലി, കരിമ്പുലി, കരടി,ആന,കാട്ടുപോത്തുകള്‍,ഗോള്‍ഡന്‍ കുറുക്കന്‍, കഴുതപ്പുലികള്‍, പറക്കും അണ്ണാന്‍, മയിലുകള്‍, കഴുകന്‍, മ്ലാവ്, സിംഹവാലൻ കുരങ്ങുകൾ, വേഴാംമ്പല്‍ എന്നുവേണ്ട ഒട്ടനവധി പക്ഷികളും, മൃഗങ്ങളും വളരെ സുലഭമായ സ്ഥലമാണ്.. മസിനഗുഡിയിലേക്കും മുതുമലയിലേക്കും പോകുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് തെപ്പക്കാട് ആനക്യാംപ്.


ഞങ്ങൾ 5 പേരായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. അങ്ങോട്ട് പോകുന്ന വഴികളിൽ തന്നെ ആനക്കൂട്ടങ്ങളെയും നിരവധി മാൻ കൂട്ടങ്ങളെയും ഒരുപാടു മയിലിനെയുമൊക്കെ വളരെ അടുത്ത് നിന്ന് കാണുവാൻ സാധിച്ചു. മാൻ കൂട്ടങ്ങൾ ഒരു പേടിയും കൂടാതെ കാറിനോട് ചേർന്ന് വന്നു നിന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. മയിലുകളും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പോലെ കാറിന്റെ വളരെ അടുത്ത് വന്നു നിന്നു. തിരികെയുള്ള യാത്രയിൽ ഒരു 2000 കിലോ എങ്കിലും തൂക്കം വരുന്ന ഭീമൻ കാട്ടുപോത്തിനേയും കൈ എത്തുന്ന ദൂരത്തിൽ കാണാൻ കഴിഞ്ഞു. തിരികെ വരുന്ന സമയത്തു ഏകദേശം 1 വയസ്സ് പ്രായമുള്ള ആനക്കുട്ടി ഉൾപ്പെടുന്ന ആനക്കൂട്ടത്തെ വളരെ അടുത്ത് കാണാനിടയായി. ഏറ്റവുമധികം മൃഗബാഹുല്യത്താല്‍ കീര്‍ത്തികേട്ടതാണ് തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമായ മുതുമലൈ വന്യജീവിസങ്കേതം.


മസിനഗുഡിയിൽ ഞങ്ങൾ 3 ദിവസവും താമസിച്ചത് ചാലറ്റ്സ് എന്ന റിസോർട്ടിൽ ആയിരുന്നു. പ്രകൃതിയോട് വളരെ ഇണങ്ങി നിർമിച്ച കോട്ടേജുകളാണ് ചാലെറ്റിന്റെ റിസോർട്ടിന്റെ പ്രത്യേകത. ഓരോ കോട്ടേജിലും ഒരു ഫാമിലിക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. കോട്ടേജുകൾ തമ്മിൽ കുറച്ചു ദൂരം ഉള്ളത് സ്വകാര്യത നിലനിർത്തുന്നു. ധാരാളം മരങ്ങൾക്കിടയിൽ നിർമിച്ചിരിക്കുന്ന കോട്ടേജുകൾ കാടിനുള്ളിൽ താമസിസിക്കുന്ന ഒരു ഫീൽ തരുന്നുണ്ട്. വനത്തോട് ചേർന്നാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ചെറിയ ഒരു മൈതാനം കഴിഞ്ഞാൽ താഴെ ഒരു പുഴയും പുഴക്കപ്പുറം വനവുമാണ്. പുഴയിൽ വെള്ളം ആന ഉൾപ്പെടെ ധാരാളം മൃഗങ്ങൾ എത്താറുണ്ട്. കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കൂടിയാണിത്. മസിനഗുഡിയിൽ 3 കിലോമീറ്റർ ചുറ്റളവിൽ ഒരു കടുവ വീതം ഉണ്ടെന്നാണ് കണക്ക്. അത്യപൂർവമായി മാത്രം കാണപ്പെടുന്ന കരിമ്പുലിയും ഇവിടെ ഉണ്ട്. മരങ്ങളുടെ മുകളിൽ വിശ്രമിക്കുന്ന പുള്ളിപ്പുലിയെയും ഭാഗ്യമുണ്ടെങ്കിൽ വളരെ അടുത്ത് നിന്നും കാണാം. കാലി വളർത്തൽ ആണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം.. റിസോർട്ടിനോട് ചേർന്നുള്ള ഒരു വീട്ടിൽ 300 പശുക്കളെയും 200 പോത്തുകളെയും നിരവധി ആടുകളെയും വനത്തിൽ അഴിച്ചു വിട്ടു വളർത്തുന്ന കാഴ്ചയും കാണേണ്ടതാണ്. റിസോർട്ടിന്റെ വളരെയടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ കരടിയും കുട്ടികളും താമസമാക്കിയിട്ടുണ്ടെന്നു ഇവിടെയുള്ളവർ പറഞ്ഞു. കുറച്ചു അപകടം പിടിച്ച പണി ആയതു കൊണ്ട് പോയി നോക്കിയില്ല. വനത്തിലൂടെയുള്ള ഓപ്പൺ ജീപ്പ് സഫാരിയാണ് മറ്റൊരു ആകർഷണം. മലമുകളിലേക്കുള്ള ഓഫ് റോഡ് ജീപ്പ് ട്രെക്കിങ്ങും ഒരു അനുഭവമാണ്. നീലഗിരിക്കുന്നുകളുടെ അടിവാരത്താണ് ഈ റിസോർട്ട് സ്ഥിതിചെയ്യുന്നത്. നീലഗിരിക്കുന്നുകളിൽ മേഘവും മഞ്ഞും ഒഴുകി നീങ്ങുന്നത് കാണേണ്ട കാഴ്‌ച തന്നെയാണ്.


റൈഡേഴ്‌സിന്റെ ഇഷ്ടറൂട്ടുകളില്‍ ഒന്നാണ് ഗൂഡല്ലൂര്‍-മുതുമല-മസിനഗുഡി വഴിയുള്ള പാത. ഹെയര്‍പിന്നുകളും കയറ്റിറക്കങ്ങളും ഇരുവശവും തിങ്ങിനിറഞ്ഞ കാടുകളുമൊക്കെയാണ് ഈ റൂട്ടിനെ ആളുകളുടെ പ്രിയറൂട്ടാക്കി മാറ്റുന്നത്. ത്രില്ലിങ് ഡ്രൈവിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു റൂട്ടാണിത്. മസിനഗുഡിയില്‍ നിന്നും ഊട്ടിയിലേക്കുള്ള 36 ഹെയര്‍ പിന്നുകള്‍ നിറഞ്ഞ റോഡ് ഒരേ സമയം സാഹസികതയും അതുപോലെ ക്ഷമയും ആവശ്യപ്പെടുന്നുണ്ട്.

അതിമനോഹരമായ കാഴ്ചകളാണ് റോഡിന് ഇരുവശവും കാത്തിരിക്കുന്നത്.

മുതുമല നാഷണല്‍പാര്‍ക്കില്‍ നിന്ന് 20 KM ആണ് മസിനഗുഡിക്ക്. മസിനഗുഡിയില്‍ നിന്ന് മൈസൂര്‍ക്കുള്ള റൂട്ടിലാണ് ബന്ദിപ്പൂര്‍ നാഷണല്‍പാര്‍ക്ക്. ഈവഴിയുള്ള സഞ്ചാരത്തില്‍, ആനകളെയും, കാട്ടുപോത്തുകളെയും, മയിലുകളെയും സിംഹവാലന്‍കുരങ്ങുകളെയും,മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും.ഈ റൂട്ടില്‍ ഫോറസ്റ്റിന്‍റെ ഒരു ആന സവാരി കേന്ദ്രമുണ്ട്,ആനപ്പുറത്തുള്ള കാട്ടിലേക്കുള്ള സവാരി ഒരു അനുഭവമായിരിക്കും.ഇവിടെ ഇപ്പോള്‍ 28 ആനകളുണ്ട്.


തിരിച്ചു വരുന്ന വഴി ഗുണ്ടൽപ്പെട്ട്- മുത്തങ്ങ -വയനാട്‌ റൂട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

മസിനഗുഡിയില്‍ നിന്നും കര്‍ണ്ണാടക അതിര്‍ത്തി പിന്നിട്ട് ഒരു 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ റെഡിയാണെങ്കില്‍ ഗുണ്ടല്‍പേട്ടിന് പോകാം. കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ നിറത്തില്‍ സൂര്യകാന്തി പൂക്കള്‍ നിറഞ്ഞ പാടങ്ങള്‍ യാത്രക്കാരെ കാത്തിരിക്കുകയാണ്. മലയടിവാരത്തിൽ കിലോമീറ്ററുകളോളം സൂര്യകാന്തിയും ജമന്തിയും ചെണ്ടുമല്ലിയും പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. കേരള-കർണാടക-തമിഴ്നാട് ഈ മൂന്നു സംസഥാനങ്ങളുടെ സംഗമ ഭൂമി കൂടിയാണ് ഗുണ്ടൽപേട്ട്.


കേരളത്തില്‍ നിന്നും പ്രധാനമായും രണ്ട് വഴികളാണ് മസിനഗുഡിയിലേക്കുള്ളത്.

വയനാട് ഗൂഡല്ലൂര്‍ വഴിയും കൊച്ചിയില്‍ നിന്നു വരുന്നവരാണെങ്കില്‍ പട്ടാമ്പി ,ഗൂഡല്ലൂര്‍ വഴിയും മസിനഗുഡിയില്‍ എത്താന്‍ സാധിക്കും. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വയനാട് വഴി വരുന്നതാണ് എളുപ്പം.

കല്പറ്റയില്‍ നിന്നും ഗൂഡല്ലൂര്‍ വഴി മസിനഗുഡിക്ക് 90 കിലോമീറ്ററാണ് ദൂരം.

കൂടാതെ കണ്ണൂരില്‍ നിന്നും കേളകം- മാനന്തവാടി- സുല്‍ത്താന്‍ ബത്തേരി - ഗൂഡല്ലൂര്‍ വഴിയും എത്താനാകും. മെട്രോയുടെ തിരക്കുകളില്‍ നിന്നകന്ന് വീക്കെന്‍ഡ് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റിയ ഒരിടമാണ് ബെംഗളൂര്‍ നിവാസികള്‍ക്ക് മസിനഗുഡി. ബെംഗളുവില്‍ നിന്നും മാണ്ഡ്യ-മൈസൂര്‍ വഴിയാണ് മസിനഗുഡിയിലെത്തുന്നത്. 250 കിലോമീറ്റര്‍ ദൂരമാണ് ഇവിടെയെത്താന്‍ സഞ്ചരിക്കേണ്ടത്.

64 views0 comments

Comments


bottom of page